ന്യൂഡെൽഹി: രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ തുടർച്ചയായതോടെ ജംഷദ്‌പൂരിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ ജംഷദ്‌പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായായാണ് കഴിഞ്ഞ ദിവസം വീണ്ടും കല്ലേറും ആക്രമണങ്ങളും ഉണ്ടായത്.
കഴിഞ്ഞ ദിവസം രാമനവമി പതാകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കഡ്‌മ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഘർഷം ഉടലെടുത്തത്. സംഘടിച്ചെത്തിയ ആൾക്കൂട്ടം ശാസ്‌ത്രിനഗർ മേഖലയിൽ രണ്ടു കടകൾക്കും ഒരു ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു. ആക്രമികളെ പിടിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെയാണ് ആക്രമികൾ പിരിഞ്ഞു പോയത്.
നിലവിൽ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് സിറ്റി പോലീസ് മേധാവി പ്രഭാത് കുമാർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. സംഘർഷത്തിൽ ചിലരെ കസ്‌റ്റഡിയിൽ എടുത്തെന്നും പോലീസ് അറിയിച്ചു.
Most Read: വിദ്വേഷ പ്രസംഗം; കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ