ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെ കോലാറിലെത്തും. മൂന്ന് തവണ മാറ്റിവെച്ച യാത്രയാണ് ഇന്ന് സഫലമാകുന്നത്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കോലാർ സന്ദർശനമാണിത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കോടതിയിൽ എത്തിയതും, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായി തീർന്നതും.
ഇന്ന് ബെംഗളൂരുവിൽ എത്തുന്ന രാഹുൽ അവിടെ നിന്ന് 90 കിലോമീറ്റർ അകലെയുള്ള കോലാറിൽ എത്തും. ജയ് ഭാരത് എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ എത്തുന്നത്. വൻ പൊതുജന പങ്കാളിത്തമുള്ള റാലിയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ചിരിക്കുന്നത്. കോലാറിലെ തമാക വ്യാവസായിക മേഖലയിലാണ് പരിപാടി. ജയ് ഭാരത് എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ അയോഗ്യത നടപടിക്കെതിരെ രാഹുൽ എന്ത് മറുപടി നൽകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കോലാറിൽ നിന്ന് പ്രചാരണം തുടങ്ങാനാണ് രാഹുലിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അടക്കം നിരവധി നേതാക്കൾ കോലാറിൽ എത്തിച്ചേരും.
Most Read: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്







































