മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് റിദാൻ ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. തലയുടെ പിന്നിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. തൃശൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തും. എടവണ്ണ ജാമിയ കോളേജിന് സമീപം 300 മീറ്റർ മാറി മലയുടെ മുകളിലാണ് മൃതദേഹം കിടന്നിരുന്നത്. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണിത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും പോയ റിദാൻ ബാസിൽ രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ തലയ്ക്കും നെഞ്ചിലുമായാണ് മുറിവുകൾ ഉള്ളത്. വെടിയേറ്റതിന് സമാനമായ രീതിയിലുള്ള പാടുകളാണ് ഇതിൽ മിക്കവയും. ഇതോടെ, കൊലപാതകം ആണെന്ന സംശയത്തിലാണ് പോലീസ്. മരിച്ച റിദാൻ ബാസിൽ കരിപ്പൂരിൽ വെച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ്. മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ കൊലപാതകത്തിൽ ലഹരി, സ്വർണക്കടത്ത് സംഘങ്ങളുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്.
Most Read: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്






































