കൊച്ചി: സുഡാനിൽ നടന്ന ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി കണ്ണൂർ സ്വദേശിയായ ആൽബർട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തിൽ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. സുഡാനിലെ ഇന്ത്യൻ എംബസി ആൽബർട്ടിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നിലവിൽ പോർട്ട് സുഡാനിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഏപ്രിൽ 14ന് ആണ് സുഡാനിലെ ഖാർത്തൂമിൽ ആഭ്യന്തര സംഘർഷത്തിനിടെ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിന് വെടിയേറ്റത്. ഖാർത്തൂമിലെ ഫ്ളാറ്റിന്റെ ജനലരികിൽ ഇരുന്നു ഫോണിൽ സംസാരിക്കുന്നതിടെയാണ് ആൽബർട്ടിന് വെടിയേറ്റത്.
ഭാര്യയും മകളും ഈ സമയം ഫ്ളാറ്റിൽ ഉണ്ടായിരുന്നു. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ളാറ്റിലെ ബേസ്മെന്റിൽ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആൽബർട്ടിന്റെ ഭാര്യയെയും മകളെയും നേരത്തെ നാട്ടിലെത്തിച്ചിരുന്നു. വിമുക്ത ഭടൻ കൂടിയായ ആൽബർട്ട് ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
Most Read: ‘ദി കേരള സ്റ്റോറി’; ബംഗാളിൽ നിരോധിച്ചതിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ