ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ ബിജെപി നേർക്കുനേർ വരണമെന്ന് സ്‌റ്റാലിൻ വെല്ലുവിളിച്ചു. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അറിയില്ലെങ്കിൽ ഡെൽഹിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂവെന്നും എംകെ സ്‌റ്റാലിൻ പറഞ്ഞു.
ഇഡി മുഖേനയാണ് ബിജെപി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെന്തിൽ ബാലാജിയോട് ഇഡി അപമര്യാദയായി പെരുമാറിയത് എല്ലാവർക്കുമറിയാം. രാഷ്‌ട്രീയ കുടിപ്പകയാണ് ഇതിന് പിന്നിൽ. പത്ത് വർഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മർദ്ദത്തിലാക്കുകയാണ്. ഇഡിയുടെ പ്രവർത്തനം മൂലം ശാരീരികവും മാനസികവുമായ തകർന്ന സെന്തിലിന്റെ ജീവന് പോലും ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് ഭയന്ന് ഒളിച്ചോടാൻ അദ്ദേഹം ഒരു സാധാരണക്കാരനല്ല. അഞ്ചു തവണ എംഎൽഎ ആയ ആളാണ്. ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്. എല്ലാ വിശദീകരണവും നൽകാൻ തയ്യാറാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ സെന്തിൽ പറഞ്ഞതാണ്. എന്നാൽ, ഒരാളെയും കാണാൻ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവിൽ വെച്ചത്. ബിജെപിയുടെ രാഷ്‌ട്രീയ ജനവിരുദ്ധമാണിതെന്നും സ്‌റ്റാലിൻ പറഞ്ഞു.
അതേസമയം, ഇഡി അറസ്‌റ്റ് ചെയ്‌ത മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം ലഭിക്കുമോയെന്നത് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപ്പാസ് സർജറിക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും പരിഗണിക്കും. നിലവിൽ ഈ മാസം 28 വരെയാണ് ബാലാജിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്.
Most Read: കള്ളപ്പണ മാഫിയാബന്ധം; കണ്ണൂരിൽ സിപിഐഎമ്മിൽ കൂട്ടനടപടി- നാലുപേർ പുറത്ത്