ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അതിനിടെ, മണിപ്പൂരിൽ കലാപകാരികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. തോക്കുമായെത്തിയ അക്രമികൾ സൈനികർക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു.
അക്രമം തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടി. മണിപ്പൂരിൽ കാങ്പൊക്‌പിയയിൽ ചൊവ്വാഴ്‌ച രാത്രിയും രണ്ടു കുക്കി ഗ്രാമങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. താങ്‌നോ ഗ്രാമത്തിലെ വെടിവെപ്പ് ഒന്നരമണിക്കൂർ നീണ്ടുനിന്നു. തുടർന്ന് മോങ്‌നെല്യാങ് ഗ്രാമം ആക്രമിച്ചു. രണ്ടിടത്തും ആളപായം ഉണ്ടായതായി റിപ്പോർട് ചെയ്‌തിട്ടില്ല. കാങ്ചുപ് മേഖലയിൽ ജെൽയാങ്ങിലും സിങ്‌ദയിലും ചൊവ്വാഴ്‌ച രണ്ടു മണിക്കൂറോളം വെടിവെക്കൽ തുടർന്നെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ബിഷ്‌ണുപുർ ജില്ലയിലെ ക്വക്‌ത മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വാഹനത്തിന് സമീപം നിന്നവർക്കാണ് പരിക്കേറ്റത്. തൗബാലിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെ, ഗുവാഹത്തിയിൽ രണ്ടു നാഗാ എംഎൽഎമാരും ആറു കുക്കി എംഎൽഎമാരും ചർച്ച നടത്തി. വരുന്നയാഴ്‌ച എല്ലാ നാഗാ, കുക്കി എംഎൽഎമാരുടെയും യോഗം ഡെൽഹിയിൽ ചേരുമെന്നാണ് വിവരം.
Most Read: സംസ്‌ഥാനത്തെ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന






































