ഷൊർണൂർ: കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ കയറി മണിക്കൂറുകളോളം വാതിലടച്ചിരുന്ന യുവാവിനെ പുറത്തിറക്കി. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് വിദഗ്ധ സംഘം പൂട്ട് പൊളിച്ചു യുവാവിനെ പുറത്തിറക്കിയത്. യുവാവിനെ ഷൊർണൂർ ആർപിഎഫ് ചോദ്യം ചെയ്ത് വരികയാണ്. വാതിൽ അകത്തുനിന്ന് അടച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ശുചിമുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. അതേസമയം, യുവാവ് കൃത്യമായി മറുപടി നൽകുന്നില്ലെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. മുംബൈ സ്വദേശിയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാൾ മനഃപൂർവം വാതിലടച്ചു ഇരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ സംശയം. കാസർഗോഡ് നിന്നാണ് യുവാവ് ശുചിമുറിയിൽ കയറിയത്.
ഇയാൾ ടിക്കറ്റ് എടുത്തിരുന്നില്ല. അതുകൊണ്ടാണ് വാതിൽ തുറക്കാത്തത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവാവ് പുറത്തിറങ്ങാത്തതിനെ തുടർന്ന് ഷൊർണൂരിൽ എത്തിയപ്പോഴാണ് പുറത്തിറക്കിയത്. യുവാവിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പേരുൾപ്പടെ പറഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
Most Read: തെരുവുനായ ആക്രമണം; ഈ വർഷം ചികിൽസ തേടിയത് ഒന്നരലക്ഷത്തിലേറെ പേർ







































