കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം. ഹൈക്കോടതി സ്‌റ്റാൻഡിങ് കൗൺസിൽ ഐവി പ്രമോദാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയത്. കോടതി ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഇല്ലാതായെന്നും, നിയമനവുമായി സർവകലാശാലക്ക് മുന്നോട്ട് പോകാമെന്നും നിയമോപദേശത്തിൽ പറയുന്നു.
കണ്ണൂർ സർവകലാശാലയിലെ മലയാളം പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനം സ്‌റ്റേ ചെയ്‌ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സർവകലാശാല നിയമോപദേശം തേടിയത്. സ്വജനപക്ഷപാതം ആരോപിച്ചു 2022 ഓഗസ്‌റ്റ് 17ന് ആണ് പ്രിയയുടെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല.
കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കേറ്റിലെയും അംഗങ്ങൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. നിയമനത്തിനെതിരെ റാങ്ക് ലിസ്‌റ്റിലെ രണ്ടാം സ്‌ഥാനക്കാരനായ സ്‌കറിയ ഹൈക്കോടതിയിൽ ഹരജി നൽകിയത് ഗവർണറുടെ ഉത്തരവിന് ശേഷമാണ്. പ്രിയക്ക് നിശ്‌ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണം എന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. എന്നാൽ, ഈ വിധി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു.
Most Read: ശക്‌തമായ കാറ്റും കടൽക്ഷോഭവും; കണ്ണൂരിലെ ബീച്ചുകളിൽ പ്രവേശന വിലക്ക്