തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തീധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്നെ വധിക്കാൻ പലതവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ജി ശക്തീധരന്റെ ആരോപണം ശരിയായായിരിക്കാം. സിപിഐഎം തന്നെ വധിക്കാൻ ആളെ അയച്ചിട്ടുണ്ടാകാം. എന്നാൽ, ദൈവം വിചാരിച്ചാലേ അത് നടക്കൂ. താൻ ദൈവവിശ്വാസിയാണ്. ഈ വെളിപ്പെടുത്തലിൽ പോലീസ് കേസെടുക്കുമെന്ന് കരുതുന്നില്ല. ഇത് പുറത്തു പറഞ്ഞതിന് ജി ശക്തീധരനോട് ഫോണിൽ വിളിച്ചു നന്ദി പറയണമെന്നാണ് ആഗ്രഹമെന്നും’ സുധാകരൻ കൂട്ടിച്ചേർത്തു.
കൊല്ലാനയച്ചവരിൽ ഒരാൾ വിവരം ചോർത്തിയതിനാലാണ് സുധാകരൻ രക്ഷപ്പെട്ടതെന്നായിരുന്നു ശക്തീധരൻ പറഞ്ഞത്. സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Most Read: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദ്ദനം; രണ്ടുപേർ പിടിയിൽ






































