ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്റ്റേഷനിലെ ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഐപിസി 304, 201 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് മുഖ്യ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യ അപകടം ഉണ്ടായശേഷം അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നൽ സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേക്ക് കഴിഞ്ഞില്ല.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളംതെറ്റി തൊട്ടടുത്ത ട്രാക്കിലേക് മറിഞ്ഞ ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.
മറിഞ്ഞുകിടന്ന കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചു കയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ജൂൺ രണ്ടിനാണ് അപകടം നടന്നത്. അപകടത്തിൽ 288 പേരാണ് മരിച്ചത്.
Most Read: രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി; വിധിയിൽ സ്റ്റേ ഇല്ല- അയോഗ്യത തുടരും








































