ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.
അതിനിടെ, കുട്ടിയെ കൊലപ്പെടുത്താൻ പ്രതി അസ്ഫാക് ആലം ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ കുട്ടിയുടെ മാതാവിന്റെ സഹായം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും നാളെ എറണാകുളം പോക്സോ കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി.
പ്രതി കൊലപ്പെടുത്തിയത് കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ ബോർഡ് രൂപീകരിച്ചു പോസ്റ്റുമോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.
Most Read| രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം