കോഴിക്കോട്: ‘ഭയം വേണ്ട ഞങ്ങളുണ്ട്’ എന്ന ലക്ഷ്യവുമായി കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. കർണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാമ്പിലെ ആർഎഎഫ് 97 ബെറ്റാലിയൻ കമാൻഡ് അനിൽ കുമാർ ജാദവിന്റെ നേതൃത്വത്തിൽ 75 അംഗ സേനാംഗങ്ങളാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോർട് പ്രകാരം സംസ്ഥാനത്ത് കോഴിക്കോട് റൂറൽ ജില്ലയിൽ ഹൈപ്പർ സെൻസിറ്റീവ് ആയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേന്ദ്ര സേനാംഗങ്ങൾ എത്തിയത്. മത, സാമുദായിക സ്പർദ്ദകളും രാഷ്ട്രീയ സംഘർഷ സാധ്യത ഏറിയതുമായ പ്രദേശങ്ങളിൽ നിയമവ്യവസ്ഥ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റി ‘ഭയം വേണ്ട ഞങ്ങളുണ്ട്’ എന്ന ലക്ഷ്യവുമായാണ് സേന സായുധ റൂട്ട് മാർച്ച് നടത്തിയത്.
പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകുക, സേനയുടെ സാന്നിധ്യം അറിയിക്കുക എന്നത് മാത്രമാണ് റൂട്ട് മാർച്ചിന്റെ ലക്ഷ്യം. നാദാപുരം മേഖലകളിലെ രാഷ്ട്രീയവും മതപരവും മുൻ സംഘർഷങ്ങളുടേയും ഡേറ്റകൾ ശേഖരിച്ചതായും ആർഎഎഫ് അധികൃതർ വ്യക്തമാക്കി. നാദാപുരം സിഐ ഇവി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും കേന്ദ്ര സൈനികർക്കൊപ്പം റൂട്ട് മാർച്ചിൽ പങ്കെടുത്തു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര രേഖ പുറത്തുവിട്ടു





































