തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, അന്വേഷണ കമ്മീഷൻ അംഗം അല്ലായിരുന്നുവെന്ന സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച രേഖ പുറത്തു വിട്ടായിരുന്നു അനിൽ അക്കരയുടെ പ്രതികരണം. സാമൂഹിക മാദ്ധ്യമത്തിലൂടെ ആയിരുന്നു അനിൽ അക്കരെ രേഖ പുറത്തുവിട്ടത്.
സിപിഐഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ചതെന്ന് രേഖയിൽ വ്യക്‌തമാക്കുന്നുണ്ട്. പാർട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോർട് തൃശൂർ അരിയങ്ങാടിയിൽ പോലും കിട്ടുമെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ആരോപണ വിധേയനായത് മുൻ എംപി പികെ ബിജുവാണെന്നും കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാറും ബിജുവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുമാണ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ.
കൂടാതെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പികെ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാറിനെ കുറിച്ച് പരാമർശം ഇല്ലാത്തത് തട്ടിപ്പ് കേസിലെ സിപിഎം ബന്ധം വ്യക്‌തമാക്കുന്നുവെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കെതിരെ പികെ ബിജു രംഗത്തെത്തിയിരുന്നു.

അനിൽ അക്കര ആരോപിക്കുന്നത് പോലെ ഒരു ബന്ധവുമില്ലെന്നും ആരോപണത്തെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പികെ ബിജുവിന്റെ പ്രതികരണം. താൻ അന്വേഷണ കമ്മീഷനിലില്ല. പാർട്ടി കമ്മീഷനെ വെച്ചോ എന്ന് തനിക്കറിയില്ല, അനിൽ അക്കരയുടെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും പികെ ബിജു വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ അക്കര രേഖ പുറത്തുവിട്ടത്.
അതിനിടെ, കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി. നാളെ രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക. ഇത് മൂന്നാം തവണയാണ് ഇഡി മൊയ്‌തീന് ചോദ്യം ചെയ്യലിന് നോട്ടീസയക്കുന്നത്.
Most Read| ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ