തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണന് വീണ്ടും നോട്ടീസയച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. സ്വത്തുവിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ്. വ്യാഴാഴ്‌ചക്കുള്ളിൽ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങൾ ഹാജരാക്കാനാണ് ഇഡി നിർദ്ദേശം.
സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ മുൻപ് പലതവണ എംകെ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ രേഖകൾ ഹാജരാക്കിയിരുന്നില്ല. തൃശൂർ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെ കുറിച്ച് വ്യക്‌തമായി അറിയാവുന്നയാളാണ് കണ്ണനെന്നാണ് ഇഡി പറയുന്നത്. കഴിഞ്ഞ ശനിയാഴ്‌ച കണ്ണനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
എംകെ കണ്ണൻ പ്രസിഡണ്ടായ തൃശൂർ ബാങ്കിൽ കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാർ നടത്തിയ സ്രോതസ് വെളിപ്പെടുത്താത്ത കോടികളുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങൾക്ക് കണ്ണൻ മറുപടി പറഞ്ഞില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ എംകെ കണ്ണൻ സഹകരിക്കാതെ ശാരീരിക ബിദ്ധിമുട്ടുകൾ പ്രകടിപ്പിച്ചെന്നായിരുന്നു ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ, തനിക്ക് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചോദ്യം ചെയ്യൽ സൗഹൃദപരമായി നടന്നുവെന്നുമായിരുന്നു കണ്ണന്റെ പ്രതികരണം.
അതിനിടെ, കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മാറ്റാന്നാളുമായി തിരക്കിട്ട നിർണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിനൊപ്പം കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്.
നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധിളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡണ്ടുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂരിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തിരമായി കണ്ടത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
Most Read| ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം