കോഴിക്കോട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുതെന്ന് ജില്ലയിലെ ആശുപത്രികള്‍ക്ക് കലക്‌ടറുടെ നിര്‍ദേശം. പ്രസവ ചികില്‍സ നല്‍കുന്നതിന് കോവിഡ് നില കണക്കാക്കേണ്ടതില്ല. ഇത്തരം ചികില്‍സ നിഷേധിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്‌ടർ സാബംശിവ റാവു അറിയിച്ചു.
പ്രസവ കേസുകള്‍ക്ക് യഥാസമയം ചികില്‍സ നല്‍കാതെ കാലതാമസം വരുത്തുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില അപകടകരമാക്കും. പ്രസവവും പ്രസവാനന്തര ചികില്‍സയും ഉള്‍പ്പെടെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ എല്ലാ ചികില്‍സയും ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളും ജില്ലയിലെ ഓരോ ആശുപത്രികളും ഒരുക്കി നല്‍കണമെന്ന് കലക്‌ടർ ആവശ്യപ്പെട്ടു.
ഗൈനക്കോളജിസ്‌റ്റിന്റെ സേവനമുള്ള ഏതൊരു ആശുപത്രിയിലും പ്രസവ കേസുകള്‍ക്ക് ചികില്‍സയോ പ്രസവ പരിചരണമോ നല്‍കണം. കോവിഡ് സ്‌ഥിരീകരിച്ച ഗര്‍ഭിണിയാണെങ്കില്‍ ചികില്‍സക്കൊപ്പം കൃത്യമായ ഐസോലേഷനും ഉറപ്പുവരുത്തണം. അപകട സാധ്യത കണക്കിലെടുത്ത് നവജാത ശിശുക്കള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും പരിചരണവും നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Malabar News: വണ്ടൂരില്‍ കഞ്ചാവ് കേസ് പ്രതികള്‍ക്കും പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഇരിക്കുന്നതും മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതും കൂടി വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കലക്‌ടറുടെ നിര്‍ദേശം. ആശുപത്രികളുടെ ഇത്തരം നടപടിയില്‍ ആഴ്‌ചകള്‍ക്ക് മുമ്പ് ഇരട്ടകുട്ടികള്‍ മരണപ്പെട്ടിരുന്നു.





































