ടെൽ അവീവ്: നിരവധി ഉന്നത ഹമാസ് നേതാക്കളെ വധിച്ചതായും, ഗാസയിലെ ഹമാസ് ഭരണകേന്ദ്രങ്ങൾ സൈന്യം പിടിച്ചെടുത്തതായും ഇസ്രയേൽ. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ടു ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരുമാസം തികയുമ്പോഴേക്കും ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആണ് പ്രസ്താവിച്ചിരിക്കുന്നത്.
ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഗാസിയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. വടക്കൻ ഗാസ വിട്ടു ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ വധിച്ചതായും ഹമാസിന്റെ മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നും ഇസ്രയേൽ ചാനലുകളിൽ പുറത്തുവന്ന വീഡിയോയിൽ പ്രതിരോധമന്ത്രി പറയുന്നു.
അതേസമയം, ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിൽ ആശുപത്രികൾ അടച്ചുപൂട്ടുകയാണ്. ഇസ്രയേൽ സൈന്യം മെഡിക്കൽ സൗകര്യങ്ങൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രികൾ അടച്ചുപൂട്ടാൻ നിർബന്ധിതമായിരിക്കുന്നത് എന്നാണ് റിപ്പോർട്. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സ് ഹോസ്പിറ്റലിൽ തീപിടിത്തമുണ്ടായി. ഇസ്രയേൽ സൈനിക നീക്കത്തിനിടെയാണ് തീപിടിത്തം ഉണ്ടായത്.
ഗാസയിലെ ഏറ്റവും വലിയ രണ്ടു ആശുപത്രികളായ അൽഷിഫയും അൽ ഖുദ്സും ഇന്ധനം തീർന്നതിനെ തുടർന്ന് അടച്ചുപൂട്ടി. ഇതിനിടെ വെന്റിലേറ്റർ പ്രവർത്തിക്കാതായതോടെ അൽഷിഫ ആശുപത്രിയിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ഒമ്പത് രോഗികളും മരിച്ചു. മൂന്ന് ദിവസത്തിനിടെ അൽഷിഫയിൽ 32 പേരാണ് മരിച്ചത്. ആശുപത്രിയിൽ ഗുരുതരമായി പരിക്കേറ്റ 650 പേർ ഇപ്പോഴുമുണ്ട്. ഇതിനിടെ, ഇസ്രയേലി ടാങ്കുകൾ അൽഷിഫയെ വളഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഗാസയിലേത് ഗുരുതര സാഹചര്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും പ്രതികരണം.
ഗാസയിൽ ഇതുവരെ മരണസംഖ്യ 11,240 ആയി. ഇതിൽ 4630 കുട്ടികളും 3130 സ്ത്രീകളുമാണ്. 189 ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 41,120 പാർപ്പിടങ്ങളും 94 സർക്കാർ ക്വാർട്ടേഴ്സുകളും 71 മോസ്കുകളും മൂന്ന് പള്ളികളും ഇതിനകം തകർക്കപ്പെട്ടതായാണ് റിപ്പോർട്. 253 സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 181 മില്യൺ ഡോളറിന്റെ കൃഷിനാശം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം റിയാദിൽ നടന്ന അറബ്- ഇസ്ലാമിക് ഉച്ചകോടി ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാസ ആക്രമണത്തെ ‘സ്വയം പ്രതിരോധം’ എന്ന് ഇസ്രയേൽ വിശേപ്പിക്കുന്നത് ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. ഗാസയിലെ യുദ്ധം എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Most Read| വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ