ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്കും ഭാര്യ പി വിശാലാക്ഷിക്കും മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ജയചന്ദ്രനാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അതേസമയം, അപ്പീൽ നൽകാനായി ഉത്തരവ് നടപ്പിലാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചു. അടിയന്തിരമായി സുപ്രീം കോടതിയെ സമീപിക്കാനാണ് മന്ത്രി കെ പൊൻമുടിയുടെ തീരുമാനം. തടവുശിക്ഷ പ്രാബല്യത്തിൽ വരുന്നതോടെ അയോഗ്യനാകുന്ന മന്ത്രിക്ക് എംഎൽഎ സ്ഥാനവും നഷ്ടമാകും. 2006നും 2011നുമിടയിൽ മന്ത്രിയായിരിക്കെ പൊൻമുടി രണ്ടുകോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കേസ്.
പൊൻമുടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഗവർണർ ആർഎൻ രവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2006നും 2011നുമിടയിൽ ഡിഎംകെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ് നേരത്തെ പൊൻമുടിക്കെതിരെ കേസെടുത്തെങ്കിലും വെല്ലൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടി ഉൾപ്പടെ ഉള്ളവരെ കുറ്റവിമുക്തരാക്കി.
എന്നാൽ, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി കീഴ്ക്കോടതിക്ക് തെറ്റുപറ്റിയെന്നും കണ്ടെത്തി. വരുമാനത്തിന്റെ 64.90 ശതമാനം അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം.
Most Read| ഏഴ് മാസത്തിനിടെ മഹാരാഷ്ട്രയിൽ മരിച്ചത് 4872 നവജാത ശിശുക്കൾ





































