ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രജൗരി മേഖലയിലെ തനമാണ്ടിയിൽ രണ്ടു ആർമി ട്രക്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യം ശക്‌തമായി തിരിച്ചടിച്ചു.
മേഖലയിൽ ഭീകരരെ തുരത്താനുള്ള സംയുക്‌ത തിരച്ചിലിനായി പോയ സൈനിക സംഘത്തെ ഭീകരർ ഒളിഞ്ഞിരുന്നു ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കൂടുതൽ സൈനികരെ സംഭവ സ്‌ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്‌റ്റൻ ഉൾപ്പടെ രണ്ടുപേർ വീരമൃത്യു വരിച്ചിരുന്നു.
ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരാക്രമണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രജൗരി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ പത്ത് സൈനികർ വീരമൃത്യു വരിച്ചു. രണ്ടു വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
Most Read| ‘കരിയർ അവസാനിപ്പിക്കുന്നു’, പൊട്ടിക്കരഞ്ഞു ബൂട്ട് അഴിച്ചുവെച്ചു സാക്ഷി മാലിക്