വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറുപേർക്ക് കൂടി സസ്‌പെൻഷൻ. ആദ്യം അറസ്‌റ്റിലായ ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവർക്ക് എതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18 പേരും സസ്‌പെൻഷനിലായി.
പ്രതികൾക്കെതിരെ ആത്‍മഹത്യാ പ്രേരണ, റാഗിങ്, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിനിടെ, എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇസ്‌ഹാനും ഇന്നലെ രാത്രിയോടെ കീഴടങ്ങിയിരുന്നു. കൽപ്പറ്റ ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും. മുഖ്യപ്രതി അഖിലിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസിൽ ഇനി എട്ടുപേരെയാണ് പിടികൂടാനുള്ളത്. ഇവർ ഒളിവിലാണ്. സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്‌പിയാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്‌പിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. ഒരു ഡിവൈഎസ്‌പി കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടും.
ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 22നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ പ്രസിഡണ്ടും അടക്കം 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്. ഹോസ്‌റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്‌നനാക്കി ആയിരുന്നു മർദ്ദനം.
രണ്ടു ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പ് കമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർഥനെ മർദ്ദിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം കോളേജ് ഡീനിനും ഹോസ്‌റ്റൽ വാർഡനും അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!








































