കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതരുടെ അനാസ്ഥ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥ് മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ നടത്തുകയായിരുന്നു വിസിയെന്നും, അഭിമുഖം കഴിഞ്ഞു 21നാണ് അദ്ദേഹം ക്യാമ്പസിൽ നിന്ന് പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും വിസി സ്വീകരിച്ചിട്ടില്ല. മാത്രമല്ല, സിദ്ധാർഥന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപ് തന്നെ അഴിച്ചതായും റിപ്പോർട് ഉണ്ട്.
ശുചിമുറിയിൽ തൂങ്ങിയ സിദ്ധാർഥന്റെ മൃതദേഹം അഴിച്ചത് പ്രതികൾ തന്നെയാണ്. മർദ്ദന വിവരം പുറത്തറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോണും പ്രതികൾ പിടിച്ചെടുത്തിരുന്നു. ഫെബ്രുവരി 18നാണ് ഫോൺ തിരികെ നൽകിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിന് മുൻപ് 16ന് ഉച്ചയോടെയാണ് വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ വിളിക്കുന്നത്. പിന്നീട് പലതവണ ബന്ധപ്പെടാൻ നടന്നില്ല. 17നും ഫോണിൽ കിട്ടിയില്ല.
സഹപാഠികളിൽ ഒരാളെ വിളിച്ചപ്പോൾ കുഴപ്പമില്ലെന്നും സിദ്ധാർഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കസ്റ്റഡിയിൽ ആയിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പിറ്റേന്ന് വീണ്ടും മർദ്ദിച്ചു. അന്ന് രാവിലെ പ്രതികൾ ഫോൺ കൈമാറി. ഫോണിൽ അമ്മയോട് 24ന് വീട്ടിലെത്തുമെന്ന് സിദ്ധാർഥൻ പറഞ്ഞു. പിന്നീട് സിദ്ധാർഥന്റെ മരണവർത്തയാണ് എത്തിയത്.
അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ എംആർ ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. വിസിക്കെതിരെ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു.
കേസിലെ 18 പ്രതികളും പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പും വൈകാതെ പൂർത്തിയാക്കും. സിദ്ധാർഥനെ നാലിടത്ത് വെച്ച് പ്രതികൾ മദ്ദിച്ചുവെന്നാണ് കണ്ടെത്തൽ. മർദ്ദനം, തടഞ്ഞുവെക്കൽ, ആത്മഹത്യാ പ്രേരണ, എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ക്രിമിനൽ ഗൂഢാലോചനാ കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ട്.
Most Read| ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം








































