കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി

2018 ജനുവരി രണ്ടുമുതലാണ് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാം.

By Trainee Reporter, Malabar News
Supreme-Court
Ajwa Travels

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണം നടത്തിയാണ് സുപ്രീം കോടതി വിധി. ജനങ്ങൾക്ക് രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് അറിയാനുള്ള അവകാശം ഉണ്ടെന്ന് കോടതി വ്യക്‌തമാക്കി.

ഇലക്‌ടറൽ ബോണ്ട് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെക്കുന്നത് വിവരാവകാശ നിയമത്തിന്റേയും ഭരണഘടനയുടെ 19(1) എ വകുപ്പിന്റേയും ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജഡ്‌ജിമാരായ സഞ്‌ജീവ്‌ ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്‌.

എസ്ബിഐ പുറപ്പെടുവിക്കുന്ന ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ രാഷ്‌ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്ന സംവിധാനമാണിത്. രാഷ്‌ട്രീയ പാർട്ടികളുടെ ധനസമാഹരണത്തിന് ഏറ്റവും സുതാര്യമായ മാർഗമാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതിയെന്ന് വാദിക്കുന്ന കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി വിധി.

ഇതോടെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്‌ടറൽ ബോണ്ടിലൂടെ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ എസ്ബിഐക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31നകം ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്‌ടറൽ ബോണ്ടുകൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു.

ഇലക്‌ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്‌തുള്ള ഹരജികളിലാണ് ഇന്ന് വിധി പറഞ്ഞത്. ഇലക്‌ടറൽ ബോണ്ടുകൾ ഉപയോഗിച്ച് രാഷ്‌ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിന് എതിരേ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. 2023 നവംബർ രണ്ടിന് കേസ് പരിഗണിച്ച കോടതി മൂന്ന് ദിവസം നീണ്ട ഹിയറിങ്ങിന് ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.

2018 ജനുവരി രണ്ടുമുതലാണ് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്‌തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതുബജറ്റിലാണ് കടപ്പത്ര പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. എസ്ബിഎയുടെ നിശ്‌ചിത ശാഖകളാണ് കടപ്പത്രം നൽകുക.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE