മലപ്പുറം: മലപ്പുറത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. മലപ്പുറം പാണ്ടിക്കാട് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷിക്കും.
പോലീസ് കസ്‌റ്റഡിയിലെടുത്ത പന്തല്ലൂർ കടമ്പോട് തെക്കേക്കര ആലുങ്ങൽ മൊയ്‌തീൻകുട്ടി(36) ആണ് പാണ്ടിക്കാട് സ്‌റ്റേഷനിൽ തളർന്ന് വീണത്. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഏഴ് മണിക്ക് മരിച്ചു. പന്തല്ലൂരിൽ വേല ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ തിങ്കളാഴ്‌ച വൈകിട്ട് അഞ്ചിനാണ് ഇയാളുൾപ്പടെ ഏഴുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ചോദ്യം ചെയ്യുന്നതിനിടെ മൊയ്‌തീൻകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പോലീസ് മർദ്ദനത്തെ തുടർന്നാണ് മൊയ്‌തീൻകുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം ഗൗരവതരം ആണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read| കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി





































