ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു വിമാനം. അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണ്ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ബാങ്കോക്കിലെ പ്രാദേശിക സമയം വൈകിട്ട് 3.45ഓടെയായിരുന്നു എമർജൻസി ലാൻഡിങ്.
ബോയിങ് 777-300ഇആർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം യാത്ര തുടരുന്നതിനിടെ ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയിൽപ്പെട്ടത്. പെട്ടെന്ന് വിമാനം കുലുങ്ങാൻ തുടങ്ങി. ഫ്ളൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആൻഡമാൻ കടലിന് മുകളിൽ വെച്ച് ഏതാണ്ട് അഞ്ചുമിനിറ്റ് കൊണ്ട് വിമാനം 1800 മീറ്ററിലേറെ താഴ്ചയിലേക്ക് എത്തി.
അതിവേഗത്തിലുള്ള ചലനത്തിൽ സീറ്റിലിരുന്ന പലരും സീലിങ്ങിൽ ചെന്നിടിച്ചു. പലരുടെയും തല മുകളിലെ ബാഗേജ് കാബിനിൽ തട്ടി. ഇതോടെ, 3.35ന് ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തിര അനുമതി തേടി സന്ദേശം ലഭിച്ചെന്ന് അധികൃതർ പറഞ്ഞു. 3.45ന് വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം എത്തിച്ചു. 73 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്.
Most Read| ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്