ആലപ്പുഴ: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ. ആലപ്പുഴ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാബുവിന്റേത് ഗുരുതര ചട്ടലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്.
സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സാബു. വിരുന്നിൽ പങ്കെടുത്ത രണ്ട് പോലീസുകാർക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്തത്.
മൂന്നാമതൊരു പോലീസുകാരൻ കൂടി പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം ഇന്റലിജൻസിൽ നിന്നുള്ളയാളാണ്. ഈ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു. തമ്മനം ഫൈസലിന്റെ അങ്കമാലിയിലുള്ള വീട്ടിൽ നടന്ന പാർട്ടിയിലാണ് എംജി സാബുവും മൂന്ന് പോലീസുകാരും പങ്കെടുത്തത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള റെയ്ഡിന്റെ ഭാഗമായി ഫൈസലിന്റെ വീട്ടിലെത്തിയ അങ്കമാലി എസ്ഐയും സംഘവും പോലീസുകാരെ കണ്ടതോടെയാണ് സംഭവം പുറത്താകുന്നത്.
സിനിമാ നടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നാണ് എംജി സാബുവിന്റെ ഒപ്പമുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത്. ഈയിടെ റിലീസായ ഒരു സിനിമയിൽ ഫൈസൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫൈസലിനെ കാണണമെന്ന പോലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോട് വിശദീകരിച്ചത്.
യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫൈസലിന്റെ വീട്ടിലെത്തിയത്. അൽപ്പസമയത്തിനകം യൂണിഫോമിലുള്ള പോലീസ് സംഘം വരുന്നത് കണ്ടു ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു.
Most Read| കേരളത്തിലെ മൂന്ന് സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു





































