പട്ന: ബിഹാറിൽ കൊടുംചൂടിൽ സൂര്യാഘാതമേറ്റുള്ള മരണസംഘ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളിൽ 18 പേരാണ് ബിഹാറിൽ മരിച്ചത്. ഇതിൽ പത്ത് പേർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. റോഹ്താസിൽ 11, ഭോജ്പുരിൽ 6, ബക്സറിൽ 1 എന്നിങ്ങനെയാണ് സൂര്യാഘാതമേറ്റുള്ള മരണം.
ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നസാറാം, ആറ, കരാക്കട്ട് മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറിൽ 47.1 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഷേക്ക്സരായി, ബേഗുസരായി, മുസാഫർപുർ, ഈസ്റ്റ് ചമ്പാരൻ എന്നിവിടങ്ങളിൽ കൊടും ചൂടേറ്റ് നിരവധി അധ്യാപകർ കുഴഞ്ഞുവീണു.
വിദ്യാർഥികൾക്ക് വേനലവധിയാണെങ്കിലും അധ്യാപകർക്ക് അവധി നൽകിയിരുന്നില്ല. അധ്യാപകർക്കും അവധി നൽകണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഉഷ്ണതരംഗം ബിഹാറിനെയാണ് ഏറെ ബാധിച്ചത്.
ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഉഷ്ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനത്ത് അഞ്ചുപേർ മാത്രമാണ് ചൂടിനെ തുടർന്ന് മരിച്ചതെന്നും മാദ്ധ്യമങ്ങൾ കണക്കുകൾ പെരുപ്പിച്ചു കാട്ടുകയാണെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
Most Read| ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്