ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്ന് മുതൽ ട്രാഫിക് പിഴയിളവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ ഓഗസ്‌റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്.
എല്ലാതരം മോട്ടോർ വാഹനങ്ങൾക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാർ, സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരൻമാർ എന്നിവർക്കെല്ലാം ഇളവ് ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈൽ ആപ് ആയ മെട്രോഷ് 2 മുഖേന പിഴത്തുക അടയ്‌ക്കാം.
അതിനിടെ, ഖത്തറിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. മേയ് മാസത്തിലെ നിരക്ക് തന്നെ തുടരും. മേയ് മാസത്തിലെ നിരക്കായ പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാൽ, സൂപ്പറിൽ 2.10 റിയാൽ ഡീസലിന് 2.05 റിയാൽ എന്നിങ്ങനെ തന്നെ തുടരുമെന്ന് ഖത്തർ എനർജി അധികൃതർ പ്രഖ്യാപിച്ചു. ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറിൽ എല്ലാ മാസവും ഇന്ധനവില നിശ്‌ചയിക്കുന്നത്.
Most Read| എക്‌സിറ്റ് പോൾ ബിജെപിക്ക് അനുകൂലം; ‘ഇന്ത്യ’ നൂറ് കടക്കും, കേരളത്തിൽ യുഡിഎഫ്








































