റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്‌ത 15 മില്യൺ റിയാലിന്റെ (34 കോടി രൂപ) ചെക്ക് ഗവർണറേറ്റിന് കൈമാറി.
ഗവർണറേറ്റിന്റെ നിർദ്ദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്‌റ്റിസിന്റെ പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്‌തിട്ടുള്ളത്. ഇതിന് പുറമേയാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും ഗവർണറുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചത്. അബ്‌ദുൽ റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ, എംബസി പ്രതിനിധി യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.
ഇതോടെ, റഹീമിന്റെ മോചനം കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി കരാർ രേഖകൾ കോടതിയിൽ സമർപ്പിക്കുകയാണ് വേണ്ടത്. കോടതി രേഖകൾ പരിശോധിച്ച് അന്തിമ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്.
സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് ഒരു മാസംമുമ്പ് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം തുടങ്ങിയത്.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ