തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി ഡെൽഹിയിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.55ന് ഡെൽഹിയിൽ എത്തുമെന്ന് സുരേഷ് ഗോപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ. സഹമന്ത്രി സ്‌ഥാനം ലഭിക്കുമെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത്. അതിനാൽ പ്രധാന വകുപ്പ് തന്നെ ലഭിക്കാനാണ് സൂചന. അതേസമയം, തൃശൂരിൽ മാത്രമല്ല, താൻ തമിഴ്‌നാടിന്റെ കാര്യം കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കർണാടകക്ക് തന്നെക്കാൾ കഴിവുള്ള നേതാക്കൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവിലെ കളക്‌ടറേയും കമ്മീഷണറെയും നിലനിർത്തി തൃശൂർ പൂരം നടത്തിപ്പ് രീതിയൽ പരിഷ്‌കരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും. അതിന് പഠനം നടത്തേണ്ടതുണ്ട്. അതിനായി കുറെ നാളായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ അവരുടെ അംബാസിഡറാക്കാൻ നീക്കം നടത്തിയപ്പോൾ ചിലർ ‘ചാണകം’ എന്ന് വിളിച്ച് പരിഹസിച്ചു. ഇനി ചാണകത്തെ ലോക്‌സഭയിൽ അവർ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
Most Read| ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ സ്‌കൂൾ വാഹനം ഓടിക്കേണ്ട; പുതിയ സർക്കുലർ