തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കെ മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്കാണ് മർദ്ദനമേറ്റത്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് സജീവൻ ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയാണ്.
സജീവന്റെ നേതൃത്വത്തിലാണ് ഡിസിസി നേതൃത്വത്തിനെതിരെ പോസ്‌റ്റർ പതിക്കുന്നതെന്നാണ് പ്രസിഡണ്ട് അനുകൂലികൾ പറയുന്നത്. എന്നാൽ, ഓഫീസിൽ പോസ്‌റ്റർ ഒട്ടിച്ചതിൽ തനിക്ക് പങ്കില്ലെന്നും സിസിടിവി പരിശോധിക്കാമെന്നുമാണ് സജീവൻ പറയുന്നത്. മുതിർന്ന നേതാക്കളുമായി സജീവൻ ഫോണിൽ സംസാരിക്കുന്നുണ്ട്.
സംഘർഷത്തിന് പിന്നാലെ പോലീസ് സ്‌ഥലത്തെത്തി. മുരളീധരന്റെ കൂടുതൽ അനുയായികൾ ഓഫീസിലേക്ക് എത്തുന്നുണ്ട്. ഓഫീസിന് മുകളിൽ ഡിസിസി പ്രസിഡണ്ടിന്റെ അനുയായികളും നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് തൃശൂർ ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 40 ദിവസത്തോളം സജീവമായി മുരളിക്കൊപ്പം ഉണ്ടായിരുന്നയാളാണ് സജീവൻ. അതേസയം, സജീവനെ വേദനിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി സെക്രട്ടറി ഷാജി കൊടങ്ങണ്ടത്ത് പറഞ്ഞു. രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് കെപിസിസിയിലെ മുതിർന്ന നേതാക്കൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Most Read| കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ