കോഴിക്കോട്: തൃശൂർ ഡിസിസിയിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും മുരളീധരൻ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണെന്നും മുരളീധരൻ ഓർമിപ്പിച്ചു. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. എനിക്ക് പുതിയ പദവി ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകും. അതുവരെ മാറിനിൽക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, സുധാകരനെ മാറ്റാൻ പാടില്ലെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇത്രയും നല്ല വിജയമുണ്ടാകുമ്പോൾ അദ്ദേഹത്തെ മാറ്റരുത്. കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള മൂഡില്ല. രാജ്യസഭയിൽ ഒരുകാരണവശാലും ഞാൻ പോകില്ല. രാജ്യസഭയിൽ പോകുന്നുണ്ടെങ്കിൽ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണമെന്നും മുരളീധരൻ പറഞ്ഞു.
തൃശൂരിലോരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്ത വന്നു. പരമ്പരാഗത വോട്ടുകൾ കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും ഒരു പരാതിയും താൻ പറയില്ല. അന്വേഷണ കമ്മീഷന്റെ ആവശ്യമില്ല. കമ്മീഷൻ വന്നാൽ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെയേ തനിക്ക് പറ്റുകയുള്ളൂ. സംഘടന കൂടുതൽ തളരാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ളകളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ