തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്‌പീക്കർക്ക് കത്ത് നൽകി.
സബ്‌ജക്‌ട് കമ്മിറ്റിയിലും സബ്‌ജക്‌ട് കമ്മിറ്റി റിപ്പോർട് ചെയ്‌തത് പ്രകാരം ബിൽ വീണ്ടും സഭയുടെ പരിഗണനക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. അത് ബോധപൂർവം ഇല്ലാതാക്കുന്ന നടപടിയാണ് ഇന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.
അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് സഭാതലത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ അജണ്ടയിൽ പറഞ്ഞിരുന്നതിന് വിരുദ്ധമായി ബില്ലുകൾ പരിഗണനക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്‌പീക്കർ മന്ത്രിക്ക് അനുമതി നൽകുകയും ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ സഭ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കിയത്. അഞ്ചു മിനിറ്റിലാണ് ബിൽ പാസാക്കിയത്. സബ്‌ജക്‌ട് കമ്മിറ്റിക്ക് പോലും വിടാതെയായിരുന്നു അതിവേഗ നടപടി. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ ഘട്ടങ്ങളിലാണ് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കുന്നത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബിൽ നേരിട്ട് പാസാക്കിയതെന്നാണ് മന്ത്രി എംബി രാജേഷിന്റെ പ്രതികരണം.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം