കൊച്ചി: പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്‌ഥാനാർഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്‌ഥാനാർഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇടയിൽ, സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥിയെന്ന വാർത്തയും പ്രചരിച്ചിരുന്നു.
എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മൽസരരംഗത്തേക്ക് ഉടനെയില്ലെന്നും സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രചാരണത്തിനു യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘‘നിയമസഭ ഉപതിരഞ്ഞെടുപ്പ്. മൽസര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്‌തമായി യുഡിഎഫിനു ഒപ്പമുണ്ടാവും” എന്നതാണ് രമേഷ് പിഷാരടിയുടെ വരികൾ.
പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്‌ഥാനാർഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നായിരുന്നു വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മൽസരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
അഞ്ചു തവണ ചേലക്കര മണ്ഡലത്തെ നിയമസഭയിലേക്ക് പ്രതിനിധീകരിച്ച രാധാകൃഷ്‌ണൻ ആലത്തൂരിൽ നിന്ന് രമ്യ ഹരിദാസിനെ തോൽപ്പിച്ച് എംപി ആയതയോടെ ഈ ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 1996 മുതൽ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്‌ണൻ തന്നെയായിരുന്നു പ്രതിനിധീകരിച്ചത്. ഇത്തവണ പല പേരുകൾ ഇവിടെ ഇടത് പരിഗണിക്കുന്നുണ്ട്.
NATIONAL | ജമ്മു കശ്‌മീർ: അമിത് ഷായുടെ നേതൃത്വത്തിൽ യോഗം





































