ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം കഴിച്ചതെന്നാണ് വിവരം.
കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിൽ ഉള്ളതായാണ് റിപ്പോർട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യൻ സംഭവ സ്‌ഥലത്തേക്ക് പുറപ്പെട്ടു. വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്ന് ജില്ലാ കളക്‌ടർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരൻ അല്ലായിരുന്നുവെന്നും രണ്ടുപേർ വയറിളക്കത്തെ തുടർന്നാണ് മരിച്ചതെന്നുമാണ് ജില്ലാ കളക്‌ടർ ശരവൺ കുമാർ ശെഖാവത്ത് അറിയിച്ചത്. മരിച്ചവരുടെയും ചികിൽസയിൽ ഉള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് പോലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
Most Read| കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി








































