കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
എറണാകുളം- മൂവാറ്റുപുഴ പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ വിമർശനം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
2018 മുതൽ പരിഗണനയുള്ള കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ സമർപ്പിച്ചിട്ടില്ല. ജൂൺ 19ന് കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി നടപടികൾ വിശദീകരിക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ചു കെ വാസുകി ഐഎഎസ് അപേക്ഷ നൽകി.
ഇതോടെയാണ് കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായത്. എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ പകരം ഉദ്യോഗസ്ഥനെ രേഖകൾ സഹിതം ചുമതലപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ജൂലൈ നാലിന് വീണ്ടും പരിഗണിക്കും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































