ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാംപ്രതി ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെ നിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്‌തത വരുത്താനാകൂ. അതേസമയം, പ്രതികളിൽ ഒരാൾ ഭാര്യയുമായുള്ള വഴക്കിനിടെ കലയെ കൊന്നത് പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിന് ശേഷം പുറത്തുവരാൻ ഇടയാക്കിയത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച ഊമക്കത്തും നിർണായകമായി.
ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കിൽ നിന്ന് ലോക്കറ്റ്, ഹെയർ ക്ളിപ്പ്, വസ്‌ത്രത്തിന്റെ ഇലാസ്‌റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ, മൃതദേഹം അവശിഷ്‌ടങ്ങൾ കിട്ടിയില്ല. കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചത് വരെയുള്ള കാര്യങ്ങളേ അറിയൂ.
ഒന്നാംപ്രതിയായ അനിൽ മൃതദേഹ അവശിഷ്‌ടങ്ങൾ ഇവിടെ നിന്ന് മറ്റെവിടേക്കോ മാറ്റിയതായി പോലീസ് സംശയിക്കാൻ കാരണം ഇതാണ്. ആനിലാണ് കേസിലെ ഒന്നാംപ്രതി. മറ്റു മൂന്ന് പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി എട്ടുവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ സോമരാജൻ, കണ്ണമ്പള്ളിൽ കെസി പ്രമോദ്, ജിനു ഭവനത്തിൽ ജിനു ഗോപി എന്നിവരെയാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
2009 ഡിസംബർ ആദ്യ ആഴ്‌ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവ് ചെയ്‌ത് തെളിവ് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ







































