തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്രതിമാസം 1600 രൂപ നൽകുന്ന സാമൂഹിക ക്ഷേമ പെൻഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയുള്ളത്. 2024 മാർച്ച് മുതൽ പെൻഷൻ കൃത്യമായി നൽകുന്നുണ്ട്. കുടിശിക 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളായും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്ന് ഗഡുക്കളായും വിതരണം ചെയ്യും. 4250 കോടി രൂപയാണ് കുടിശികയായി നൽകാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീർഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ ധനകാര്യ കമ്മീഷന്റെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണ്. അതിന്റെ പേരിൽ നികുതിവിഹിതം കുറയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവർഷ കടപരിധിയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറക്കുകയാണെന്നും 2020-21ൽ 31,068 കോടി രൂപയായിരുന്ന കേന്ദ്രസർക്കാർ ഗ്രാന്റുകൾ 2023-24ൽ 12,068 കോടി രൂപയായി ചുരുങ്ങിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയിൽ പ്രത്യേക ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി