തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ തിരയാൻ റോബോട്ടുകളെ എത്തിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിലെ ജെൻ റോബട്ടിക്സ് കമ്പനിയുടെ രണ്ട് റോബോട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചിൽ നടത്തുകയും ചെയ്യും. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
മാരായമുട്ടം സ്വദേശി ജോയിയെയാണ് ഇന്ന് രാവിലെ 11 മണിയോടെ കാണാതായത്. കോർപറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി. സ്ഥലത്ത് മേയറും കളക്ടറും എത്തി. റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബോട്ടുകളെ എത്തിച്ചത്. ഇതോടെ സ്കൂബ സംഘം തിരച്ചിൽ അവസാനിപ്പിച്ചു.
മാലിന്യം പൂർണമായി നീക്കാൻ ഇനിയും മണിക്കൂറുകൾ വേണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിനടിയിൽ കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് ജോയി രാവിലെ തോട്ടിൽ ഇറങ്ങിയത്.
140 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ളതാണ് ടണൽ. കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒപ്പമാണ് ജോയി തോട്ടിലിറങ്ങിയത്. മഴ കനത്തതോടെ മറ്റു രണ്ടുപേർ തോട്ടിൽ നിന്ന് കയറിയെങ്കിലും മാറുകരയിലായിരുന്ന ജോയി ഇക്കരെ വരാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്
Most Read| ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം; 71 പേർ കൊല്ലപ്പെട്ടു








































