പെൻസിൽവാനിയ: മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ആക്രമി വെടിയുതിർക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റു. വേദിയിൽ പരിക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്‌താവ് സ്‌റ്റീവൻ ച്യൂങ് അറിയിച്ചു. ആക്രമിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ട്രംപിന് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ചു അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രംഗത്തെത്തി. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്‌ഥാനമില്ലെന്ന് ബൈഡൻ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ല. ട്രംപുമായി സംസാരിക്കാൻ ശ്രമിക്കും. സംഭവത്തെ കൊലപാതകശ്രമമായി ചിത്രീകരിക്കുമോ എന്ന ചോദ്യത്തിന്, തനിക്ക് അഭിപ്രായം ഉണ്ടെന്നും എന്നാൽ കൂടുതൽ വസ്‌തുതകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കാമെന്നും ബൈഡൻ പറഞ്ഞു.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു. രാഷ്‌ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്‌ഥാനമില്ലെന്നും, ആക്രമണത്തിൽ വലിയ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ട്രംപ് വേഗം ആരോഗ്യം വീണ്ടെടുക്കാൻ ആശംസിക്കുന്നുവെന്നും വെടിവെപ്പിൽ മരിച്ചവരുടെ കുടുംബത്തിന്റെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ ചെറിയ ശബ്‌ദം കേട്ടതായും വെടിയുണ്ട ശരീരത്തെ കീറി കടന്നുപോയതായും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. നിലവിൽ ഡോക്‌ടർമാരുടെ പരിചരണത്തിലാണ് ട്രംപ്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി