പാലക്കാട്: പാലക്കാട് കനത്ത മഴയിൽ ഒറ്റമുറി വീട് ഇടിഞ്ഞുവീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കോടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്‌ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും രാത്രി ഉറങ്ങുന്നതിനിടെയാണ് ഒറ്റമുറി വീട് ഇടിഞ്ഞുവീണത്. സുലോചന കിടപ്പ് രോഗിയായിരുന്നു. സ്വകാര്യ ബസ് കണ്ടക്‌ടറാണ് രഞ്‌ജിത്ത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്‌തമായ കാറ്റും മഴയുമായിരുന്നു. രാത്രിയിൽ വീടിന്റെ പിൻഭാഗത്തെ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുവരും കിടന്നിരുന്ന സ്‌ഥലത്തേക്കാണ് ചുമരിടിഞ്ഞു വീണത്.
എന്നാൽ, അപകടം നടന്നത് അയൽവാസികളാരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ ഇവർ തീരുമാനിച്ചിരുന്നുവെന്നും അതിനിടെയാണ് അപകടമെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോർട് ചെയ്യുന്നത്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദ്ദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തിൽ അഞ്ചുദിവസം കൂടി ഇടത്തരം മഴയ്‌ക്കോ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ