തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്‌ഥയിലായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. മലയിൻകീഴ് സ്വദേശിനി കൃഷ്‌ണ തങ്കപ്പനാണ് (28) മരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
കിഡ്‌നി സ്‌റ്റോൺ ചികിൽസയ്‌ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്‌ഥയിൽ ആയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ, കൃഷ്‌ണയ്‌ക്ക് ആസ്‌മയും അലർജിയും സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവെപ്പ് നൽകിയതോടെ രോഗി അബോധാവസ്‌ഥയിൽ ആയെന്നാണ് ബന്ധുക്കളുടെ പരാതി.
ഇവരുടെ പരാതിയിൽ ചികിൽസിച്ച ഡോക്‌ടർ വിനുവിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശരത്താണ് കൃഷ്‌ണയുടെ ഭർത്താവ്.
Most Read| 50ലേറെ ഭീകരർ അതിർത്തികടന്നു; ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്രം