ന്യൂഡെൽഹി: ഡെൽഹി പോലീസിനെതിരെ ആരോപണവുമായി ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകാന്ത തടവിന് സമാനമായ അവസ്‌ഥയാണ് ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള താൻ നേരിടുന്നതെന്നും അഡീഷണൽ ജയിൽ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ഉമർ ഖാലിദ് കോടതിയെ അറിയിച്ചു.
സുരക്ഷാ പ്രശ്‌നങ്ങൾ പറഞ്ഞാണ് തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാത്തത്. എന്നാൽ സുരക്ഷ എന്നു പറയുന്നത് ഇതുപോലെ ശിക്ഷിക്കണമെന്ന് അർഥമാക്കുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി സെല്ലിൽ ഒതുങ്ങിനിൽക്കാനുള്ള ഉത്തരവ് കാരണം ശാരീരികവും മാനസികവുമായി അസ്വസ്‌ഥത അനുഭവപ്പെടുന്നുണ്ടെന്നും ഉമർ ഖാലിദ് കോടതിയിൽ പറഞ്ഞു.
സെപ്റ്റംബർ 13നാണ് ഉമർ ഖാലിദിനെ ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് സെപ്റ്റംബർ 24ന് ഉമർ ഖാലിദിനെ കോടതി ഒക്‌ടോബർ 22 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
Kerala News: കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ
കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ഉമറിനെ കോടതിയിൽ ഹാജരാക്കിയത്. ഒരു മാസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കസ്‌റ്റഡി അപേക്ഷയിൽ കോടതി വെള്ളിയാഴ്‌ച വീണ്ടും വാദം കേൾക്കും.








































