തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെ എട്ടു പേരാണ് ചികിൽസയിൽ ഉള്ളത്. 472 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ളത്.
ഇതുവരെ ആകെ 836 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. മലപ്പുറം കളക്‌ട്രേറ്റിൽ ഇന്ന് വൈകിട്ട് ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവേ സംസ്‌ഥാനത്തിന് പുതിയ മാതൃകയായി.
27,908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവേ പൂർത്തിയാക്കിയത്. ഈ സർവേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കൺട്രോൾ സെല്ലിലെ കോണ്ടാക്‌ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്‌തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ 144 ടീമുകൾ 14,500 വീടുകളിലാണ് സർവേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13,408 വീടുകളാണ് സന്ദർശിച്ചത്. ഇതിൽ 406 പേർക്ക് പനിയുള്ളതായി കണ്ടെത്തി. ഇവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read| ദോഡ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്