വയനാട്: കേരളത്തിന്റെ വിലാപഭൂമിയായി മുണ്ടക്കൈ ചൂരൽമല. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടത്തിയത്. നാല് മണിയോടെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, മഴ കനത്തതോടെ അതിന് മുൻപേ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുക ആയിരുന്നു. രാവിലെ ചാലിയാറിലാണ് ആദ്യം തിരച്ചിൽ ആരംഭിച്ചത്. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിച്ച ബെയ്‌ലി പാലം ഇന്ന് പ്രവർത്തന സജ്‌ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ഇന്ന് അവലോകന യോഗവും സർവകക്ഷി യോഗവും ചേർന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹ അവശിഷ്‌ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു.
Most Read| അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും








































