വാഷിങ്ടൻ: ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നാണ് നാസ അറിയിക്കുന്നത്. ബോയിങ് സ്‌റ്റാർലൈൻ പേടകത്തിലെ ത്രസ്‌റ്റർ തകരാറുകളും ഹീലിയം ചോർച്ചയുമാണ് യാത്ര വൈകാൻ കാരണമെന്നാണ് വിവരം.
ഒരുമാസത്തിലേറെയായി ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര പ്രതിസന്ധിയിലാണ്. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്‌ചയിച്ചതെങ്കിലും സാങ്കേതിക തകരാർ കാരണം യാത്ര പലതവണ നീട്ടിവെക്കുകയായിരുന്നു.
ബഹിരാകാശ പേടകത്തിലെ സങ്കീർണതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പുതിയ മടക്ക തീയതി നിശ്‌ചയിച്ചിട്ടില്ലെന്നും നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്‌റ്റീവ് സ്‌റ്റിച്ച് അറിയിച്ചു. ബദൽ പദ്ധതികൾ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്കിങ് സമയത്ത് സംഭവിച്ച പ്രശ്‌നങ്ങൾ മനസിലാക്കാൻ ന്യൂ മെക്‌സിക്കോയിലെ എൻജിനിയർമാർ സ്‌പെയർ ത്രസ്‌റ്ററിൽ പരിശോധന പൂർത്തിയാക്കി.
ജൂൺ ആറിന് പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ അഞ്ച് ത്രസ്‌റ്ററുകൾ കേടായി. അതിനുശേഷം നാല് ത്രസ്‌റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ഈ ആഴ്‌ച ബഹിരാകാശ നിലയത്തിൽ പേടകം ഡോക്ക് ചെയ്യുമ്പോൾ ത്രസ്‌റ്ററുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്ന് ബോയിങ് കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ മാർക്ക് നാപ്പി അറിയിച്ചു.
Most Read| ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങി; യുവതിക്കായി തിരച്ചിൽ