കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച് വെച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗസ്റ്റ് ഹൗസ്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെയാണ് തന്ത്രപ്രധാന യോഗങ്ങൾ ചേരുന്നതും അതിഥികളെ താമസിപ്പിക്കുന്നതും. ഇറാൻ പ്രസിഡണ്ട് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.
വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭിത്തി തകർന്നു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. എന്നാൽ, ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടെ, വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു.
Health News| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം