കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ ബംഗാളിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
2001ലും 2006ലും തുടർച്ചയായി രണ്ടു തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബംഗാളിൽ അധികാരത്തിലെത്തിച്ച ശക്തിയാണ് ബുദ്ധദേവ് ഭട്ടാചാര്യ. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ചിരുന്നു. 2019ന് ശേഷം പൊതുപരിപാടികളും പങ്കെടുത്തിരുന്നില്ല.
ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ത്തിൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയെങ്കിലും 2011ൽ കനത്ത പരാജയം നേരിട്ടു. ഉത്തര കൊൽക്കത്തയിൽ 1944 മാർച്ച് ഒന്നിന് ജനിച്ച ബുദ്ധദേവ് ഭട്ടാചാര്യ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി.
1968ൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽ നിന്ന് ആദ്യമായി നിയമസഭാ അംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു മന്ത്രിയായി.
1987-96 കാലത്ത് വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യ, നവംബറിൽ ആരോഗ്യ കാരണങ്ങളാൽ ജ്യോതി ബസു സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയായി. ഒപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായി. ഭാര്യ: മീര. മകൾ: സുചേതന.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്ചയായി സൂര്യമൽസ്യം







































