ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രഡ്‌ജർ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ലെന്നാണ് വിലയിരുത്തൽ.
ഡ്രഡ്‌ജർ എത്തിക്കാൻ ഒരുകോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. ഈ ചിലവ് എങ്ങനെ വഹിക്കും എന്നതിൽ അവ്യക്‌തത നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലവ് കണക്കുകൾ വ്യക്‌തമാക്കി കർണാടക പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാൻ ഉത്തര കന്നഡ ജില്ലാ കളക്‌ടർ തീരുമാനിച്ചത്. ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു.
പുഴയിലെ മണ്ണും മരക്കഷണങ്ങളും ഉൾപ്പടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വർ മൽപെ ഉൾപ്പടെ അറിയിച്ചത്. സ്‌ഥലത്ത് പ്രതികൂല കാലാവസ്‌ഥയും തുടരുകയാണ്. തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം അർജുന്റെ സഹോദരി ഭർത്താവ് ജിതിനും അംഗീകരിച്ചിരുന്നു. 22ന് തിരച്ചിലിനായി ഡ്രഡ്‌ജർ എത്തിക്കുമെന്ന ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്.
21ന് വൈകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷറഫ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ