ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ അറസ്‌റ്റിലായ നടൻ ദർശൻ തൂഗുദീപക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടി. സംഭവത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു.
കേസിൽ അറസ്‌റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൻസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ്.
ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദർശൻ നൽകിയ ഹരജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന ലഭിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി.
ആരാധകനായ ചിത്രദുർഗ സ്വദേശി രേണുക സ്വാമിയേ നടനും കൂട്ടാളികളും ചേർന്നാണ് കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്‌ക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദർശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്‌ടപ്പെടാതെയാണ് രേണുക സ്വാമി സന്ദേശം അയച്ചത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ






































