കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നടി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ ആരോപണങ്ങൾ ആദ്യം നിഷേധിച്ച രഞ്ജിത്ത്, പ്രതിഷേധം കടുത്തതിന് പിന്നാലെ ഞായറാഴ്ചയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും നടി ആരോപിച്ചു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയെന്നും നടി പറഞ്ഞു.
എന്നാൽ, പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്തികരമായി തോന്നാത്തതിനാൽ പിറ്റേന്ന് തന്നെ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. ആദ്യഘത്തിൽ പരാതി നൽകില്ലെന്നാണ് ശ്രീലേഖ അറിയിച്ചത്. എന്നാൽ, സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെയാണ് നടി പോലീസിൽ പരാതി നൽകിയത്.
Most Read| വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു








































