ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. തിരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ എത്തിക്കാൻ വൈകിയേക്കുമെന്നാണ് റിപ്പോർട്. കാറ്റും മഴയും ഉൾപ്പടെ മോശം കാലാവസ്ഥ തുടരുന്നതിനാൽ ഡ്രഡ്ജർ വെസൽ പുറപ്പെടുന്ന കാര്യത്തിൽ അന്തിമതീരുമാനം ആയില്ലെന്ന് ഷിപ്പിങ് കമ്പനി അറിയിച്ചു.
ഗോവയിലും കാർവാർ ഉൾപ്പടെയുള്ള തീരദേശ കർണാടകയിലും ഈ മാസം 11 വരെ യെല്ലോ അലർട് തുടരുകയാണ്. ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെടുന്ന കാര്യത്തിൽ കാറ്റിന്റെ ഗതി നോക്കി ബുധനാഴ്ചയോടെ തീരുമാനം എടുക്കാനായേക്കുമെന്ന് അഭിഷേനിയ ഓഷ്യൻ സർവീസസ് വ്യക്തമാക്കി. ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിപ്പിങ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാൻ നിർദ്ദേശം നൽകിയത്.
ബുധനാഴ്ച ഡ്രഡ്ജർ എത്തിച്ചു വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിക്കും എന്നായിരിക്കും എന്നാണ് അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അർജുനായുള്ള തിരച്ചിൽ മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ചത്. ഇത് നീണ്ടതോടെ അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
ഇതോടെയാണ്, അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയത്. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവരാനുള്ള ചിലവ് പൂർണമായും കർണാടക സർക്കാറാണ് വഹിക്കുന്നത്. ഡ്രഡ്ജർ കൊണ്ടുവരാൻ ഒരുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
അടിയൊഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു തിരച്ചിലിന് തടസം നിൽക്കുന്ന ഘടകം. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
അതിനിടെ, തിരച്ചിൽ എങ്ങനെ തുടരണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്. കാർവാർ കളക്ട്രേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ വി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെ സ്ഥിതിഗതികളും കാലാവസ്ഥയും വിലയിരുത്തും. ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്








































